KeralaNews

ആരാകും തിരുവനന്തപുരത്തെ ആദ്യ ബി ജെ പി മേയർ ? ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക്, ആർ ശ്രീലേഖയ്ക്ക് മുൻതൂക്കം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. മേയര്‍ സ്ഥാനത്തേക്ക് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട് .

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു.

മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റേതാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ രാജേഷിനെ ആ പദവിയിലേക്ക് പരിഗണിക്കാനാകില്ല. അതിനാല്‍ തുടക്കത്തില്‍ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സ്ത്രീകളെ നിയമിക്കുക വഴി ‘നാരി ശക്തി’യുടെ (സ്ത്രീശക്തി) മാതൃകയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button