മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് ; തിരുവനന്തപുരം ശംഖുമുഖത്ത് യാഥാർത്ഥ്യമായി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തും. ആദ്യ ഘട്ടത്തില്‍ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം കൂടാതെ എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലും ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. കൂടുതല്‍ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സേഫ് ഫുഡ് സ്ട്രീറ്റ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്ത പ്രധാന പദ്ധതിയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ കൂടി വരുന്നു. ആഹാരം ആരോഗ്യകരമാകണം. ഭക്ഷണം സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.



