
വോട്ടുകൊള്ള ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് അട്ടിമറി വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെ കെ സി വേണുഗോപാലാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിചാരിക്കേണ്ട എന്നും തങ്ങള്‍ അങ്ങനെ വിടുന്ന പ്രശ്‌നമില്ല എന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം കൊലചെയ്യപ്പെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കുന്നു, എത്ര വലിയ സ്വര്‍ണപാത്രം കൊണ്ടുവന്നാലും സത്യം മൂടിവെയ്ക്കാന്‍ കഴിയില്ല. ശകുന്‍ റാണിയുടെ പേരില്‍ രണ്ടു വോട്ട് ചെയ്തു. ഇരട്ട വോട്ട് ചെയ്തു എന്നതിന് തെളിവുണ്ട്. നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിചാരിക്കേണ്ടെന്നും വ്യക്തമായ രേഖകള്‍ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സ്വയം അന്വേഷണം നടത്താതെ തങ്ങളോട് തെളിവ് ചോദിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാഹുലിനെ ആദ്യം കമ്മീഷന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇന്നത് മയപ്പെടുത്തി തെളിവ് നല്‍കണമെന്നാക്കി. ചോദ്യം ചോദിച്ചാല്‍ നടപടിയെടുക്കുമെങ്കില്‍ അവര്‍ എടുക്കട്ടെ. ബിജെപിക്ക് വേണ്ടി ഏജന്റ് പണി എടുക്കേണ്ട ജോലിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു
തെരഞ്ഞെടുപ്പ് അട്ടിമറി വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധി കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖയല്ല. രാഹുല്‍ കാണിച്ചത് ഏത് രേഖ എന്നും കമ്മിഷന്‍ ചോദിച്ചു. സത്യവാങ്മൂലതോടൊപ്പം ഇത് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ശകുന്‍ റാണിയെന്ന വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.