Kerala

ഷഹബാസിന്റെ കൊലപാതകം; പരീക്ഷയെഴുതാന്‍ പ്രതികള്‍ക്ക് പൊലീസ് സുരക്ഷ

കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊലപാതകത്തിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്.

സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണ്. വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍. അതേസമയം, ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഒബ്‌സര്‍വേഷന്‍ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button