കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തത്;ദീപ്തി മേരി വർഗീസ്

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്.
കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തത്. നേതൃത്വം നൽകിയവർ മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ
തീരുമാനം മറ്റൊന്ന് ആകുമായിരുന്നു.
സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ വന്നതല്ല. മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ
നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകും. മറ്റ് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ല. സ്ഥാനങ്ങൾ മോഹിച്ചല്ല രാഷ്ട്രീയത്തിൽ വന്നത്. നടപടിക്രമങ്ങൾ പാലിക്കാത്തത്തിൽ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.
അതേസമയം കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി. ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ മുസ്ലിംലീഗ് ഇടഞ്ഞ് നിൽക്കുകയാണ്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും. സമൂഹ്യ മാധ്യമത്തിൽ ദീപ്തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം.



