Kerala

പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കകുറവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ലായെന്ന് പ്രതിപക്ഷം നിലപാടെടുത്തു. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും.

ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചെയറില്‍ എത്തിയ സമയത്ത് ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നത്. ‘സ്വര്‍ണ്ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ’, ‘കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ എന്നീ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. സ്പീക്കറിന്റെ മുഖം മറച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു.

ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നില്ല. അടിയന്തരപ്രമേയത്തിന് നോട്ടീസ് പോലും നല്‍കാത്ത വിഷയത്തില്‍ ബഹളം ഉണ്ടാക്കരുതെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും ബഹളം അവസാനിച്ചില്ല.ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഹൈക്കോടതി എസ് ഐ ടിയെ ഏര്‍പ്പാടാക്കിയെന്നും അന്വേഷണം നടക്കുകയാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ഇതിനപ്പുറം എന്ത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭ പിരിഞ്ഞതിന് ശേഷവും പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെ’ന്ന ബാനര്‍ ആണ് ഉയര്‍ത്തിയത്. തുടര്‍ച്ചയായി നിയമസഭ തടസ്സപ്പെടുത്തുന്നത് ശരിയല്ലയെന്നും നാളെയെങ്കിലും നടപടികളുമായി സഹകരിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button