ആന എഴുന്നള്ളിപ്പ്, ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

ഉല്‍സവങ്ങളിലെ ആന എഴുന്നള്ളിപ്പില്‍ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ജില്ലാതല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നത് ആയിരിക്കും ഉചിതമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഓരോ ഉല്‍സവങ്ങളും വ്യത്യസ്ത ഭൂപ്രകൃതിയില്‍ ഉള്ളതായതിനാല്‍ ദൂരപരിധി കണക്കാക്കുമ്പോള്‍ അവിടുത്തെ പ്രാദേശിക സാഹചര്യം കണക്കിലെടുക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഭൂവിസ്തൃതി, സ്ഥല ലഭ്യത, ആനകളുടെ എണ്ണം എന്നിവ ഉള്‍പ്പെടെ പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നേരത്തെ, ഉല്‍സവത്തിനും മറ്റും ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലമുണ്ടെന്നും ആനയും ആളുകളും തമ്മില്‍ 8 മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്നും ഹൈക്കോടതി മാനദണ്ഡം നിശ്ചയിച്ചിരുന്നു.
കൂടാതെ രണ്ട് എഴുന്നള്ളിപ്പുകള്‍ ഉണ്ടാകുമ്പോള്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം നല്‍കണമെന്നും മാനദണ്ഡത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ആനകളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോൾ 100 കിലോമീറ്ററിൽ കൂടുതൽ കൊണ്ടുപോകരുതെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.