
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം. ആചാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള രീതിയില്‍ മാറ്റം വരുത്തണമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി. പന്തളം കൊട്ടാരത്തിന് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും അവര്‍ പറഞ്ഞു.
പന്തളം കൊട്ടാരം ഭക്തരോടൊപ്പമാണ്. ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്ത് ഗുണമുണ്ടാകും എന്ന് ഭക്തരെ ധരിപ്പിക്കണം. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി. ‘2018ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്ത ജനങ്ങള്‍ക്കും മേല്‍ സ്വീകരിച്ച നടപടികള്‍, പൊലീസ് കേസുകള്‍ എന്നിവ എത്രയും പെട്ടെന്ന് പിന്‍വലിക്കണം. ഇനി ഒരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും മേല്‍ 2018ല്‍ സ്വീകരിച്ചത് പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന ഉറപ്പും ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണം’, സെക്രട്ടറി എം ആര്‍ എസ് വര്‍മ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
ആഗോള അയ്യപ്പ സംഗമത്തില്‍ വ്യവസ്ഥകളോടെയായിരിക്കും പ്രവേശനമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം. ശബരിമല വെര്‍ച്ചല്‍ ക്യൂ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിര്‍ദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും പ്രത്യേകം ക്ഷണിക്കും.


