
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രം ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. 18 ദിവസത്തെ ഇടവേളക്ക് ശേഷമാണ് മാലിന്യ പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഫ്രഷ് കട്ട് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുറന്നു പ്രവര്‍ത്തിക്കാന്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള അനുകൂല വിധി വ്യാഴാഴ്ച നേടിയെടുത്തിരുന്നു. ഇതോടെയാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്.
അതേസമയം ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രത്തിലെ മുതലാളിമാരില്‍ ഒരാള്‍ താന്‍ ആണെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് ഹബീബ് തമ്പി രംഗത്തെത്തി.
KPCC അംഗവും താമരശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഹബീബ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹബീബ് തമ്പി കുറ്റസമ്മതം നടത്തിയത്. അറവു മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുന്നുണ്ട്.



