ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടി; വി വി രാജേഷ്

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയര്‍ വി വി രാജേഷ്. നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോര്‍പ്പറേഷന്‍ ഉണ്ട്. താന്‍ അധ്യക്ഷന്‍ ആയിരുന്ന സമയത്ത് ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തിലെ ബിജെപി പരിപാടിക്ക് തിരുവനന്തപുരം കോര്‍പറേഷന്‍ പിഴയിട്ടു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിച്ചതിന് 20 ലക്ഷം രൂപയാണ് പിഴയിട്ടത്. ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് നടപടി.
പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോകാത്ത സംഭവത്തിലും വി വി രാജേഷ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയില്ല. അദ്ദേഹം പറയുന്നതൊക്കെ താന്‍ ആസ്വദിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ പോയിരുന്നെങ്കില്‍ 40 വാഹനങ്ങളുടെ പിന്നിലായിരിക്കും തന്റെ വാഹനം.
പ്രധാനമന്ത്രി തമ്പാനൂരില്‍ എത്തുമ്പോള്‍ താന്‍ പിഎംജിയില്‍ ആയിരിക്കും. പിന്നീട് ഒരു വാഹനവും ആ വഴി കടത്തിവിടില്ല. പ്രധാനമന്ത്രി വേദിയില്‍ കയറിയാല്‍ പിന്നീട് ആരെയും കയറ്റിവിടില്ല. പ്രോട്ടോകോളിനെ കുറിച്ച് വി.ശിവന്‍കുട്ടി ഒന്നും പറയേണ്ട. ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ പ്രോട്ടോകോള്‍ നമ്മള്‍ കണ്ടതാണെന്നും വി വി രാജേഷ് പരിഹസിച്ചു.



