Health

മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡോ. ഹാരിസ് ഹസ്സന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്ടര്‍ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 12 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഈ ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ആരോഗ്യവകുപ്പിന് ഉടന്‍ കൈമാറുമെന്നാണ് വിവരം. അതേസമയം യൂറോളജി വിഭാഗത്തിലെ പരാധീനതകള്‍ തുറന്നുപറഞ്ഞതില്‍ ഡോക്ടറോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഹാരിസ് ഹസ്സന്‍ ഒരു തരത്തിലുമുള്ള വിശദീകരവും നല്‍കിയിരുന്നില്ല.

ഉപകരണം കാണാനില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ ഏറെ വൈകാരികമായിട്ടാണ് ഡോക്ടര്‍ ഹാരിസ് ഹസ്സന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും ഈ ഉപകരണത്തിന്റെ ഉപയോഗം അപകടം പിടിച്ചതായതിനാല്‍ ഉപയോഗിക്കാതെ മാറ്റിയതാണെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഉപകരണം സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button