
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പും മൊഴികളുടെയും തെളിവുകളുടെയും വിവരങ്ങളും ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ നിലപാട്.
ശബരിമല സ്വര്‍ണക്കൊള്ളയിലെ വിവരങ്ങള്‍ തേടി നേരത്തെ റാന്നി കോടതിയെയും ഇഡി സമീച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഹര്‍ജി റാന്നി കോടതിയില്‍ സമർപ്പിച്ചത്. എന്നാല്‍ റാന്നി കോടതി ഈ ആവശ്യം തള്ളിയിരുന്നു. റാന്നി കോടതിയുടെ നടപടി ചോദ്യം ചെയ്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി ഇന്ന് തടഞ്ഞിരുന്നു. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ദ്വാരപാലകപാളി കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.



