NationalNews

34 സീറ്റ് വേണം : കോണ്‍ഗ്രസുമായുള്ള സീറ്റു വിഭജന ചര്‍ച്ച തുടരുമെന്ന് ഡിഎംകെ

നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിനു മുന്നില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ച് ഡിഎംകെ. 34 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 29 സീറ്റുകള്‍ നല്‍കാമെന്നാണ് ഡിഎംകെ അറിയിച്ചിട്ടുള്ളത്. കൂടാതെ രണ്ട് രാജ്യസഭാ സീറ്റുകളും നല്‍കാമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.

സീറ്റു വിഭജന ചര്‍ച്ചയിലെ സ്തംഭനാവസ്ഥക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, കോണ്‍ഗ്രസ് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ എന്നിവരാണ് ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. ഡിഎംകെ എംപി കനിമൊഴിയും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസുമായുള്ള സീറ്റു വിഭജന ചര്‍ച്ച തുടരുമെന്ന് ഡിഎംകെ വക്താവ് സൂചിപ്പിച്ചു. ഡിഎംകെ മുന്നോട്ടു വെച്ച വാഗ്ദാനം അംഗീകരിക്കണോ എന്നതില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹൃദപരമായിരുന്നെന്നും, സീറ്റ് വിഭജനം ഉടന്‍ അന്തിമമാക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സെല്‍വപെരുന്തഗൈ പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ ഡിഎംകെ സമയപരിധി വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തു വരുന്ന ഒഴിവില്‍ ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്നും, 2028 ല്‍ രണ്ടാമത്തെ സീറ്റ് നല്‍കാമെന്നുമാണ് ഡിഎംകെ അറിയിച്ചതെന്നാണ് വിവരം. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പി ചിദംബരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവരെ ധരിപ്പിച്ചിട്ടുണ്ട്.

സഖ്യം തുടരുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഞായറാഴ്ച രാത്രി തമിഴ്നാട് എംഎല്‍എമാരുമായി കൂടിയാലോചന നടത്തിയിരുന്നു. ഡിഎംകെയുമായുള്ള സഖ്യം തുടരുന്നതിനെ അവര്‍ അനുകൂലിച്ചുവെന്നാണ് വിവരം. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന് നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയൂവെന്നും, ഈ വസ്തുത കോണ്‍ഗ്രസിന് നന്നായി അറിയാമെന്നും തമിഴ്‌നാട് ഡിഎംകെ മന്ത്രി എസ് രഘുപതി അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button