NewsPolitics

രാഹുൽ മാങ്കൂട്ടത്തിനെ സസ്പെൻഡ് ചെയ്ത തീരുമാനം പാർട്ടി ഐക്യകണ്ഠേനെ എടുത്തത് ; രാജി ആവശ്യപ്പെടുന്നതിൽ യുക്തിയില്ല : സണ്ണി ജോസഫ്

ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺ​ഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ ​പാർട്ടി ​ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളെ തുടർന്ന് കോൺ​ഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കൂടിയാലോചനകൾക്ക് ശേഷമാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കോൺഗ്രസ്‌ പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ്. കോൺഗ്രസ്‌ നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല എന്നും സണ്ണി ജോസഫ് അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആർക്കും പരാതികൾ ലഭിച്ചിട്ടില്ല, കേസെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ രാജി എന്ന ആവശ്യത്തിൽ യുക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് അത്തരം രാജി ആവശ്യപ്പെടാൻ ധാർമികമായി അവകാശമില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. 6 മാസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button