രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്. ആദ്യ പരാതി പോലീസിനല്ല, കെപിസിസി പ്രസിഡന്റിനാണ് നൽകിയതെന്നും കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിൽ പരാമർശം.
ഗൗരവമായ കുറ്റകൃത്യ ആരോപണമാണ് രാഹുലിനെതിരെ എന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. രണ്ടാമത്തെ ലൈംഗികപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.മുൻകൂർ ജാമ്യം ലഭിച്ചതോടെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ നാളെ പാലക്കാടെത്തി വോട്ട് ചെയ്തേക്കുമെന്നാണ് സൂചന. ആദ്യ കേസിൽ ഈ മാസം 15 വരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 23 വയസ്സുകാരിയുടെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചത്.
ദേഹോപദ്രവം ഏൽപ്പിക്കൽ, പിന്തുടർന്ന് ശല്യം ചെയ്യൽ, തടഞ്ഞു വെക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി പോലീസ് ചുമത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് തെളിയിക്കുന്ന തെളിവുകളും കോടതിയിൽ ഹാജരാക്കി. യുവതിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ ആയിരുന്നു ഇതിൽ പ്രധാനം.
അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിൽ തുടരുന്ന എംഎൽഎ തിരിച്ചെത്തിയാൽ പ്രതിഷേധം കടുപ്പിക്കാനാണ് ഡിവൈഎഫ്ഐയുടേയും ബിജെപിയുടേയും തീരുമാനം.



