സ്വർണ്ണക്കൊള്ള കേസ് വഴിമാറ്റിവിടാൻ ഉള്ള പുതിയ തന്ത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതി; അടൂർ പ്രകാശ് എംപി

തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസ് വഴിമാറ്റിവിടാൻ ഉള്ള സിപിഐഎമ്മിന്റെ പുതിയ തന്ത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയെന്ന് അടൂർ പ്രകാശ് എംപി. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേസുകൾ ഉണ്ടാക്കി വിടുക എന്നത് സിപിഐഎം തന്ത്രമാണെന്നും താൻ കോന്നിയിലും ആറ്റിങ്ങൽ മത്സരിക്കുന്ന സമയത്ത് നിരവധി കേസുകൾ ഇത്തരത്തിൽ ഉണ്ടാക്കിയെടുത്തുവെന്നും എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ എല്ലാം കള്ളക്കേസുകളായിരുന്നു.
അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ സംസാരിക്കുന്നതെന്നും ഇത്തരം ഇരകളെ എല്ലാ കാലത്തും സിപിഐഎമ്മിന് ലഭ്യമായിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസിൽ അന്വേഷണം നടക്കട്ടെ. പുകമറ സൃഷ്ടിച്ച് മുന്നോട്ടു പോകുന്നത് ശരിയല്ല. സിപിഐഎമ്മിന് ശബരിമലയുമായി ബന്ധപ്പെട്ട് അവരുടെ മുഖം രക്ഷിക്കാനും അവിടെ നടന്ന കൊള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമെന്ന നിലയിലുമാണ് അവർ മുന്നോട്ടു പോകുന്നതെന്നും അടൂർ പ്രകാശ് പറയുന്നു.
രാഹുലിനെതിരെ പരാതി വന്നപ്പോൾ മുമ്പ് എന്ത് കൊണ്ട് കേസെടുത്തില്ലെന്നും അടൂർ പ്രകാശ് ചോദിക്കുന്നു. മുഖ്യമന്ത്രി ഇരയെ പരാതി നൽകാൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പറഞ്ഞുവിട്ടതെല്ലാം കഥ മെനയാനുള്ളതിന്റെ ഭാഗമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐഎമ്മിന് ഇരകളെ ലഭിക്കാറുണ്ടെന്ന തന്റെ പരാമർശം നൂറ്റിയൊന്ന് ശതമാനം ശരിയായ നിലപാടാണ്.യുഡിഎഫ് കൺവീനർ എന്ന നിലയിൽ താൻ പറയുന്നതെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.




