അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായ ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതം; അഡ്വ. കുളത്തൂർ ജയ്സിങ്

അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായ ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതം; അഡ്വ. കുളത്തൂർ ജയ്സിങ്. തിരുവനന്തപുരം കോർപ്പറേഷൻ്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് താൻ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും ആർ ശ്രീലേഖയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയ അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.
ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടയ്ക്കണമെന്ന് പരാതിയിൽ ആവിശ്യപ്പെട്ടില്ല. പരാതി അന്വേഷിക്കുവാൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറിയ നടപടിക്രമത്തിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നയാളുകൾ മുഴുവൻ കമ്മ്യൂണിസ്റ്റുകാരല്ല. അന്യായതകൾക്ക് എതിരെ സർക്കാരിൽ പരാതി നല്കുവാൻ മാത്രമേ പൗരന് കഴിയുകയുള്ളൂ. ഇതിനെ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാകാം. മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയെ രാഷ്ട്രീയ വൽകരിക്കുവാൻ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കുവാൻ വേണ്ടിയാണ്.
തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിലെ രണ്ട് മുറികളിൽ ഓരോന്ന് വീതം ഇടതുപക്ഷ എംഎൽഎയും കൗൺസിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്വന്തമാക്കി. എംഎൽഎമാർക്ക് ഓരോ വർഷവും അലവൻസ് അടക്കം ശമ്പളം വർധിപ്പിച്ച് നല്കിയിട്ടും വട്ടിയൂർക്കാവ് എംഎൽഎയുടെ മണ്ഡല ഓഫീസിന്റെ തുച്ഛമായ വാടക തുകയിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല. കോർപ്പറേഷൻ കൗൺസിലർമാർക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. പ്രസ്തുത മാനദണ്ഡം ആര്യ രാജേന്ദ്രൻ മേറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിടത്തിൽ ഇടതു കൗൺസിലർക്ക് മറ്റ് അംഗങ്ങൾക്ക് ഇല്ലാത്ത ഓഫീസ് സൗകര്യത്തിന് വഴിയൊരുങ്ങിയത്. 2020-2025 കാലയളവിലെ ഇടത് കൗൺസിലർക്ക് ശാസ്തമംഗലത്ത് ഓഫീസ് ഉണ്ടെങ്കിൽ അതിൻ്റെ പിന്തുടർച്ച തനിക്കും ഉണ്ടെന്ന് ശ്രീലേഖയുടെ വാദം തുല്യനീതിയ്ക്കും മാനദണ്ഡങ്ങൾക്കും എതിരാണ്. ശ്രീലേഖയ്ക്ക് ഓഫീസ് ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ തുറക്കണമെങ്കിൽ കോർപ്പറേഷൻ കൗൺസിൽ കൂടി അനുമതി നല്കേണ്ടതുണ്ട്. പ്രസ്തുത അനുമതിയ്ക്ക് മുമ്പ് കെട്ടിടത്തിൽ കയറി ബോർഡ് വച്ച് ഓഫീസ് തുറന്നത് കയ്യേറ്റത്തിൻ്റെ ഭാഗമായിട്ടെ നിയമപരമായി കാണുവാൻ കഴിയുകയുള്ളൂ. നിയമന ഉത്തരവ് കാണിക്കാതെ ജോലിയിൽ പ്രവേശിച്ചതുപോലെയുള്ള നടപടി ക്രമങ്ങൾ ജനസേവനത്തിൽ അപകടകരമായ സന്ദേശം സമൂഹത്തിൽ പകരും. വി.കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കുവാൻ ശ്രീലേഖയ്ക്ക് കോർപ്പറേഷൻ ചുമതല നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തിൽ എംഎൽഎയോട് ഓഫീസ് ഒഴിയുവാൻ ആവശ്യപ്പെട്ടത് ചട്ടലംഘനമാണ്.
എംഎൽഎയെ കോർപ്പറേഷൻ ഓഫീസിൽ നിന്ന് ഇറക്കണമെന്ന് കാണിച്ചോ തുച്ഛമായ തുകയിൽ എംഎൽഎ ഓഫീസ് പ്രവർത്തിപ്പിച്ച് കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നതിനെതിരെയോ എവിടെയെങ്കിലും പരാതി നല്കിയതായി ശ്രീലേഖ ഇതുവരെ അവകാശപ്പെടുന്നില്ല. ഇതിൽ നിന്ന് അഴിമതിയ്ക്ക് എതിരെയുള്ള പോരാട്ടമല്ല വീട്ടിലെ സന്ദർശ ശല്യം ഒഴിവാക്കുവാൻ പേര് പ്രദർശിപ്പിച്ച് സൗജന്യമായിരിക്കുവാൻ ഒരു ഇടം എന്നതിന് അപ്പുറം ഒന്നുമില്ലെന്ന് തെളിയുന്നു. ഓഫീസ് തുടങ്ങുവാൻ അനുവാദം ശ്രീലേഖയ്ക്ക് ഇതുവരെ നൽകിയതായി കോർപ്പറേഷൻ സെക്രട്ടറി അവകാശപ്പെടുന്നില്ല. പ്രസ്തുത സാഹചര്യത്തിൽ ശ്രീലേഖ ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫീസ് തുറന്നതും ചട്ടലംഘനമാണ്. കഴിഞ്ഞ 31ന് ഓഫീസ് തുടങ്ങുവാനും എംഎൽഎ ഓഫീസ് ഒഴിപ്പിക്കുവാനും ശ്രീലേഖയെ കോർപ്പറേഷൻ ചുമതലപ്പെടുത്തിയ രേഖയാണ് ആദ്യം ശ്രീലേഖ പുറത്തുവിടേണ്ടത്. ഇത് ചെയ്യാത്ത സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രവൃത്തി ചട്ടലംഘനം തന്നെയെന്നാണ് ശ്രീലേഖയ്ക്ക് അഡ്വ. കുളത്തൂർ ജയ്സിങിൻ്റെ മറുപടി.
തൻ്റെ സഹപ്രവർത്തകരായ മറ്റ് കൗൺസിലർമാർക്ക് ഇല്ലാത്ത പ്രത്യേക ആനുകൂല്യം തനിക്കും വേണ്ടെന്നും തുല്യനീതി എല്ലാ അംഗങ്ങൾക്കും ഉറപ്പാക്കുന്നവരെ സൗജന്യ ഓഫീസ് വേണ്ടെന്ന് വച്ച് കോർപ്പറേഷന് വരുമാനം ലഭിക്കുന്ന വാടക കരാറിന് റൂം വിട്ട് നൽകുകയാണ് ശ്രീലേഖ ചെയ്യേണ്ടത്.
ജയിൽ സന്ദർശന വേളയിൽ മുഴുവൻ പ്രതികൾക്കും ജയിലിൽ കരിക്കിൻ വെള്ളം വാങ്ങി കൊടുക്കാതെ ജയിലിൽ ഉണ്ടായിരുന്ന സിനിമാനടൻ്റെ ക്ഷീണം മാത്രം മാറ്റുവാൻ ശ്രമിച്ച് നിഷ്പക്ഷത കാണിക്കാതെ വിവാദം ഉണ്ടാക്കിയ തുല്യനീതിയുടെ ലംഘനശൈലി പൊതു പ്രവർത്തനരംഗത്ത് ഓടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.
കോർപ്പറേഷന്റെ എല്ലാ കൗൺസിലർമാർക്കും കോപ്പറേഷൻ കെട്ടിടത്തിൽ സൗജന്യമായി ഓഫീസ് തുറക്കുവാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അംഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കാൻ ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിങ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് കത്തും നല്കിയിട്ടുണ്ട്.




