‘അല്ലാഹു എന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടാകും’; പ്രവർത്തകരെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് പ്രധാനമന്ത്രി

0

അല്ലാഹു എന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സോഷ്യൽമീഡിയയിൽ അവാമി ലീഗ് അംഗങ്ങളെ അഭിസംബോധന ചെയ്താണ് ഹസീന ഇക്കാര്യം പറഞ്ഞത്. പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയായിരുന്നു അവർ. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെ ഹസീന രൂക്ഷമായി വിമർശിച്ചു.

ഒരിക്കലും ജനങ്ങളെ സ്നേഹിക്കാത്ത ഒരാളെന്നാണ് ഹസീന വിശേഷിപ്പിച്ചത്. അയാൾ ഉയർന്ന പലിശ നിരക്കിൽ ചെറിയ തുകകൾ വായ്പ നൽകി. ആ പണം ഉപയോഗിച്ച് വിദേശത്ത് ആഡംബരപൂർവ്വം ജീവിക്കാൻ ശ്രമിച്ചു. അന്ന് ഞങ്ങൾക്ക് അയാളുടെ ഇരട്ടത്താപ്പ് മനസ്സിലായില്ല. ഞങ്ങൾ അയാളെ വളരെയധികം സഹായിച്ചു. പക്ഷേ ആളുകൾക്ക് പ്രയോജനപ്പെട്ടില്ല. അയാൾക്ക് മാത്രമാണ് ഉപകാരമുണ്ടായത്. പിന്നീട് അധികാരത്തിനായുള്ള ഒരു ആർത്തി വളർന്നു. യൂനുസിന്റെ അധികാരത്തോടുള്ള ഭ്രമമാണ് ഇപ്പോൾ ബംഗ്ലാദേശിനെ കത്തിക്കുന്നത്- ഹസീന പറഞ്ഞു.

വികസനത്തിന്റെ മാതൃകയായി കണക്കാക്കപ്പെട്ടിരുന്ന ബംഗ്ലാദേശ് ഇപ്പോൾ ഒരു ഭീകര രാജ്യമായി മാറിയിരിക്കുന്നു. നമ്മുടെ നേതാക്കളും പ്രവർത്തകരും കൊല്ലപ്പെടുന്നു. അവാമി ലീഗ് പ്രവർത്തകർ, പോലീസുകാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, കലാകാരന്മാർ തുടങ്ങി എല്ലാവരെയും ലക്ഷ്യമിടുന്നു. ബംഗ്ലാദേശിൽ മാധ്യമങ്ങളെ അടിച്ചമർത്തുന്നു. ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, കൊള്ളയടിക്കൽ തുടങ്ങി ഒന്നും റിപ്പോർട്ട് ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

എനിക്ക് എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും എല്ലാവരെയും ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടു. എന്നിട്ട് അവർ ഞങ്ങളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. എല്ലാവരെയും നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. അല്ലാഹു എന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ അവൻ എന്നിലൂടെ എന്തെങ്കിലും നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകാം. കുറ്റകൃത്യങ്ങൾ ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ പ്രതിജ്ഞയെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here