
ന്യൂഡല്‍ഹി: ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ബിഹാറിന്റെ പുരോഗതി കാണുമ്പോള്‍ സന്തോഷം തോന്നുന്നു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മുമ്പത്തേക്കാള്‍ ഏറെ മികച്ചതാണെന്നതില്‍ തര്‍ക്കമില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
റോഡുകള്‍ വളരെ മികച്ചതാണ്. രാത്രി വൈകിയും ആളുകള്‍ തെരുവിലിറങ്ങുന്നു. മുന്‍കാലങ്ങളില്‍ ഇത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. വൈദ്യുതി, വെള്ളം തുടങ്ങിയവ എല്ലായിടത്തും ലഭിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ധാരാളം നല്ല കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്, സംശയമില്ല. തരൂര്‍ പറഞ്ഞു. നവീകരിച്ച നളന്ദ സര്‍വകലാശാലയിലെ നളന്ദ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശശി തരൂര്‍.
ബിഹാറിലെ ഈ പുരോഗതി കാണുന്നതില്‍ വളരെ സന്തോഷമുണ്ട്. ബീഹാറിലെ ജനങ്ങളും അവരുടെ പ്രതിനിധികളും ഇതിന്റെ അംഗീകാരം അര്‍ഹിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി നിതീഷ് കുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ സന്ദര്‍ശനം രാഷ്ട്രീയമായി കാണരുതെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ എന്‍ഡിഎ സക്കാരിനെ പുകഴ്ത്തിയ തരൂരിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല



