താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ മരണം; സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ച പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ സ്വഭാവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടെ വേണം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍. സോഷ്യല്‍മീഡിയ, കൊവിഡിന് ശേഷമുള്ള അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം, ലഹരിയുടെ മേഖലയിലേക്ക് കുട്ടികള്‍ എത്തുന്നതുള്‍പ്പെടെ പരിശോധിച്ച് വേണം കുട്ടികളെ സമീപിക്കാന്‍ എന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്‍ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.