Politics

ശോഭ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചുകൊടുത്തില്ലെന്ന് ടി.ജി. നന്ദകുമാര്‍

ദില്ലി: ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കുമെതിരെ സാമ്പത്തിക ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി.ജി. നന്ദകുമാര്‍.

സിബിഐ സ്റ്റാന്റിംഗ് കൗണ്‍സില്‍ നിയമനത്തിന് അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്നതിന്റെ രേഖകളും നന്ദകുമാര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ശോഭ സുരേന്ദ്രന് പണം കൈമാറിയ ബാങ്ക് സ്ലിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു നന്ദുകുമാറിന്റെ വെളിപ്പെടുത്തലുകള്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ചിത്രങ്ങളാണ് മാധ്യമപ്രവർത്തകർക്ക് മുമ്പിൽ കാണിച്ചത്. ശോഭ സുരേന്ദ്രൻ തന്നെ ഫോണിൽ ബന്ധപ്പെട്ട കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകളും നന്ദകുമാർ പുറത്തുവിട്ടു. അനില്‍ ആന്റണി നിയമപരമായി നീങ്ങിയാല്‍ നടപടി നേരിടാന്‍ തയ്യാറാണ്. പണം നല്‍കിയ താനും സ്വീകരിച്ച അനില്‍ ആന്റണിയും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്. അത് തെളിയിക്കുമെന്നും നന്ദകുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

പണം കൈമാറിയ സാഗര്‍ രത്‌ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് . അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്ത് വിട്ടു. അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാ കാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാൾ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കില്‍ ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്‍റണി നന്ദകുമാറിനെ വിളിച്ച ഫോണ്‍ നമ്പറും പുറത്ത് വിട്ടു.

26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അനില്‍ തെറ്റുകാരനാണ് എന്ന് ഒരു കോണ്‍ഗ്രസ് നേതാവും പോലും ഇതുവരെ പറഞ്ഞിട്ടില്ല. എ കെ ആന്റണിയുടെ മകന്‍ ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും നന്ദകുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button