National

സസ്പെൻഷന് പിന്നാലെ തെലുങ്കാന പ്രതിപക്ഷ നേതാവ് കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് പാർട്ടി വിട്ടു

തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് പാർട്ടി വിട്ടു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്തതിന്‍റെ പിറ്റേന്നാണ് പ്രഖ്യാപനം. എംഎൽസി പദവിയും കവിത രാജിവെച്ചിട്ടുണ്ട്. ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ഹരീഷ് റാവുവും സന്തോഷ് റാവുവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പാർട്ടി നടപടിയെന്ന് കവിത ആരോപിച്ചു. ഇരുവരും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ അല്ലെന്നും തന്‍റെ ഗതി നാളെ കെസിആറിനും കെടിആറിനും വരാമെന്നും കവിത പറഞ്ഞു.

പാർട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിലാണ് കെ കവിത ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെ കവിത നേരത്തെ മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെട്ടത്. മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കത്ത് ചോർന്നത്. കെസിആറിന് എഴുതിയതെന്ന പേരിൽ പുറത്ത് വന്ന കത്ത് തന്‍റേത് തന്നെയെന്ന് മകളും ബിആർഎസ് കൗൺസിലറുമായ കെ കവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായി എഴുതിയ കത്ത് എങ്ങനെ പുറത്ത് വന്നു എന്നറിയില്ലെന്നും അതിൽ വേദനയുണ്ടെന്നും കെ കവിത പറഞ്ഞിരുന്നു. കെസിആർ ചില പിശാചുക്കൾക്കിടയിലാണ് ജീവിക്കുന്നതെന്നും അവർ പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കവിത കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button