National

അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപനം. നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗിൽ ബഞ്ച് സംശയം പ്രകടിപ്പിച്ചു.

ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷൻ നടത്താനോ പാടില്ലെന്ന തരത്തിൽ അല്ലു അർജുനുമേൽ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങൾ വയ്ക്കാൻ കഴിയില്ല. ഒരു പ്രമോഷൻറെ ഭാഗമായി ഒരിടത്ത് നടൻ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ അഭിഭാഷകൻറെ വാദം തൽക്കാലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു അല്ലു അർജുൻറെ ജാമ്യഹർജിയിൽ തെലങ്കാന ഹൈക്കോടതിയിൽ നടന്നത്. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എസ്എച്ച്ഒ ഈ വിവരം അല്ലു അർജുൻറെ ടീമിനെ അറിയിച്ചിരുന്നെന്നും രേഖകൾ ഹാജരാക്കാമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഈ രേഖകൾ ഹാജരാക്കുന്നത് വരെ അല്ലു അർജുന് ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ വാദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button