മുംബൈ: ടി20 ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് മുന്നിലെ അടുത്ത വെല്ലുവിളി ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്താന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പോകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എങ്കിലും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയോടെ കാണുന്ന പരമ്പരയാണ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. തുടര്‍ച്ചയായ രണ്ടാം ഐസിസി ട്രോഫി സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിരാട് കോലിയും രോഹിത് ശര്‍മയും നെടുന്തൂണുകളായി ടീമിലുണ്ടാവും. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനത്തെത്തുമ്പോഴും രോഹിത്തിന്റെ നായകസ്ഥാനത്തിന് കോട്ടം തട്ടിയേക്കില്ല. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനുള്ള ചുമതല രോഹിത്തിന് തന്നെ നല്‍കിയേക്കും. ഗംഭീര്‍ വരുമ്പോള്‍ ടീമില്‍ ചില ഉടച്ചുവാര്‍ക്കല്‍ പ്രതീക്ഷിക്കാം.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇന്ത്യ തീര്‍ച്ചയായും പരിഗണിക്കേണ്ട ചില താരങ്ങളുണ്ട്. ഇവരെ തഴയാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടന്നേക്കാമെങ്കിലും ഇന്ത്യ തീര്‍ച്ചയായും പിന്തുണക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സഞ്ജുവിനെ തീര്‍ച്ചയായും പരിഗണിക്കണം.