KeralaNews

അധ്യാപക നിയമന അംഗീകാരം: സംസ്ഥാന സര്‍ക്കാരിന്‍റേത് ഇരട്ടത്താപ്പ് നയമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

അധ്യാപകരുടെ നിയമന അംഗീകാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു. കേരളത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹം സംസ്ഥാന സര്‍ക്കാരില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നത്. ഇതിനെതിരെ സമുദായം ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരില്‍ നിന്നും തുല്യനീതി ലഭ്യമാകുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

എയ്ഡഡ് അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് 2018 മുതലുള്ള സംസ്ഥാനത്തെ അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് ആവശ്യമായ എണ്ണം അധ്യാപകരെ ലഭ്യമാകാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഈ സാഹചര്യത്തില്‍ സംവരണത്തിന് ആവശ്യമായ തസ്തികകള്‍ മാറ്റിവെച്ച് മറ്റു തസ്തികകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാനാണ് കോടതി വിധി ഉണ്ടായത്. ഒരു വിഭാഗം മാനേജ്‌മെന്റുകളുടെ നിയമനങ്ങള്‍ അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ അധ്യാപക നിയമനങ്ങള്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ഈ വര്‍ഷം തന്നെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് 2 പേര്‍ ആത്മഹത്യ ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഈ വിവേചന നയത്തിനെതിരെയാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു. തൃശൂരില്‍, നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ സമരപ്രഖ്യാപന സമ്മേളനത്തില്‍ സമരാഗ്‌നി തെളിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

വികാരി മോണ്‍സിഞ്ഞോര്‍ ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം അതിരൂപത പ്രസിഡന്റ് എ ഡി സാജു മാസ്റ്റര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ ,ജോഫി മഞ്ഞളി,ചജ ജാക്‌സന്‍ കോര്‍പ്പറേറ്റ് മാനേജ്മാരായ സിസ്റ്റര്‍ റാണി കുരിയന്‍, സിസ്റ്റര്‍ സെറ്റല്ല മരിയ, സിസ്റ്റര്‍ മരിയ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജെലിപ്‌സ് പോള്‍, സെബി ഗഖ, ഓസ്റ്റിന്‍ പോള്‍, ലിന്‍സന്‍ പുത്തൂര്‍, സിനി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button