തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തനിച്ച് മത്സരിക്കും. പനൈയൂരില്‍ ചേര്‍ന്ന ടിവികെയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ട വിജയ് പ്രഖ്യാപിച്ചത്. ബിജെപിയുമായി നേരിട്ടോ പരോക്ഷമായോ ഒരു സഖ്യത്തിനും തമിഴക വെട്രി കഴകം തയ്യാറാകില്ലെന്നും വിജയ് പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടില്‍ ടിവികെ ബിജെപിയുമായി സഹകരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായി തള്ളിക്കൊണ്ടാണ് വിജയ് രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിച്ചത്. പ്രത്യയശാസ്ത്രപരമായ എതിരാളികള്‍ എന്നും വിഭജന രാഷ്ട്രീയം ഉയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി എന്നുമാണ് വിജയ് ബിജെപിയെ വിശേഷിപ്പിച്ചത്. ഡിഎംകെ, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളെ പോലെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ടിവികെ തയ്യാറല്ല, ബിജെപിയുമായി ഒരു സഖ്യത്തിനും പാര്‍ട്ടി തയ്യാറല്ലെന്നും വിജയ് വ്യക്തമാക്കുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ വിജയ് യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി നേരിടാനും ടിവികെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച് പ്രമേയവും കമ്മിറ്റി പാസാക്കി. പാര്‍ട്ടിയുടെ സഖ്യം സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ടിവികെ എക്‌സിക്യൂട്ടീവ് യോഗം വിജയ് യെ ചുമതലപ്പെടുത്തി. ടിവികെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായി. ജൂലൈ രണ്ടാം വാരം മുതല്‍ മെംബര്‍ഷിപ്പ് കാംപയിന്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വിജയ് ജന സമ്പര്‍ക്ക പരിപാടികളുമായി സജീവമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയായിരിക്കും വിജയ് യുടെ സംസ്ഥാന പര്യടനം.
എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സര്‍ക്കാരിന്റെ നയങ്ങളെയും വിജയ് യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്റ്റാലിന്റ സര്‍ക്കാരിന്റെ പറണ്ടൂര്‍ വിമാനത്താവള പദ്ധതിയെ ഉള്‍പ്പെടെ വിമര്‍ശിച്ചായിരുന്നു വിജയ് രംഗത്തെത്തിയത്. പദ്ധതിക്കായി ജനങ്ങളെ കുടിയിറക്കേണ്ടിവരുമെന്ന് വിഷയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിജയിന്റെ വിമര്‍ശനം. ജനങ്ങളുടെ മുഖ്യമന്ത്രി എന്ന് അവകാശപ്പെടുന്ന സ്റ്റാലിന്‍ പറണ്ടൂരിലെ ജനങ്ങളെ കാണാന്‍ തയ്യാറാകുന്നില്ലെന്നും വിജയം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ പറണ്ടൂരില്‍ നിന്നുള്ള ജനങ്ങളുമായി ചേര്‍ന്ന് സെക്രട്ടേറിയറ്റില്‍ എത്തി സ്റ്റാലിനെ കാണുമെന്നും വിജയ് പ്രതികരിച്ചു.