Kerala

സമയത്തിന് ബ്ലൗസ് തയ്‍ച്ചു നൽകിയില്ല ; തയ്യൽക്കാരന് 7000 രൂപ പിഴ നൽകി ഉപഭോക്തൃ കോടതി

അഹമ്മദാബാദിൽ സമയത്തിന് ബ്ലൗസ് തയ്‍ച്ചു നൽകാത്തതിന് പിന്നാലെ ഒരു തയ്യൽക്കാരനോട് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആവശ്യപ്പെട്ടു. നവരംഗ്പുരയിൽ നിന്നുള്ള ടയ്ലറിനോട് ബ്ലൗസ് തയ്‍ക്കാൻ നൽകുന്നതിന് മുമ്പ് യുവതി ഒറ്റക്കാര്യമാണ് ആവശ്യപ്പെട്ടത്. തന്റെ ബന്ധുവിന്റെ കല്ല്യാണമാണ്, അതിനുള്ള ബ്ലൗസാണ്. പറഞ്ഞ സമയത്ത് തന്നെ ബ്ലൗസ് തയ്ച്ചു തരണം. 2024 ഡിസംബർ 24 -നായിരുന്നു കല്ല്യാണം.

2024 നവംബറിൽ സിജി റോഡിൽ കട നടത്തുന്ന തയ്യൽക്കാരനെയാണ് അവൾ ബ്ലൗസ് തയ്ക്കാൻ ഏൽപ്പിച്ചത്. 4,395 രൂപ മുൻകൂർ നൽകുകയും ചെയ്തു. ബ്ലൗസ് കൃത്യസമയത്ത് എത്തിക്കുമെന്ന് തന്നെ അവൾ വിശ്വസിച്ചു. എന്നാൽ ഡിസംബർ 14 -ന് ഓർഡർ വാങ്ങാൻ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. ബ്ലൗസ് തയ്ച്ചിരുന്നില്ല. തുടർന്ന് തയ്യൽക്കാരൻ വിവാഹത്തിന് മുമ്പ് എന്തായാലും ബ്ലൗസ് തയ്ച്ചുനൽകാമെന്ന് ഉറപ്പുനൽകി. പക്ഷേ, അതും നടന്നില്ല. ഡിസംബർ 24 കഴിഞ്ഞിട്ടും ബ്ലൗസ് കിട്ടിയില്ല. തുടർന്നാണ് അഹമ്മദാബാദിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ (അഡീഷണൽ) യുവതി പരാതി നൽകിയത്.

തയ്യൽക്കാരൻ എത്താത്തതിനാൽ കമ്മീഷൻ യുവതിയുടെ പരാതി മാത്രം കേട്ടു. വാഗ്ദാനം ചെയ്തതുപോലെ തയ്യൽക്കാരൻ ബ്ലൗസ് എത്തിക്കാത്തത് സേവനത്തിലെ പോരായ്മയാണെന്നും ഇത് പരാതിക്കാരിയായ യുവതിയെ മാനസികമായി പീഡിപ്പിക്കുന്നതിന് കാണമായി എന്നും കമ്മീഷൻ പറഞ്ഞു. പിന്നാലെയാണ് 7% പലിശ സഹിതം 4,395 രൂപ തിരികെ നൽകാനും മാനസിക ക്ലേശത്തിനും കേസ് ചെലവുകൾക്കും അധിക നഷ്ടപരിഹാരം നൽകാനും പാനൽ നിർദ്ദേശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button