
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂട്ടുത്തരവാദിത്വം മാത്രമേ തനിക്ക് ഉള്ളൂവെന്നാണ് എ പത്മകുമാറിന്റെ വാദം. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസിലും എ പത്മകുമാർ പ്രതിയാണെന്ന് എസ്ഐടി കോടതിയെ അറിയിക്കും.
ഈ മാസം 18 വരെ പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടിള പാളി കടത്തിയ കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. എൻ വാസുവിനെ രണ്ടാഴ്ചത്തേക്ക് കൂടി റിമാൻഡ് ചെയ്യാനാണ് സാധ്യത. അതേസമയം എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയും എസ്ഐടി എതിർക്കും. അന്വേഷണത്തിന്റെ രഹസ്യാൻമകത ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിർക്കാനാണ് എസ്ഐടിയുടെ തീരുമാനം.



