KeralaNews

പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷായല്ല ; ഉദ്യോഗസ്ഥര്‍ക്കെരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം : സണ്ണി ജോസഫ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷന്‍റെ അകത്തും പുറത്തും വെച്ച് ഗുരുതരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സുജിത്തിനെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തതിന് ശേഷം മദ്യപിച്ചെന്ന കള്ളക്കേസ് എടുക്കുകയാണ് പൊലീസ് ചെയ്തത്. വൈദ്യപരിശോധനയുടെ അടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു. സുജിത്തിന്റെ പരാതിയില്‍ തൃശ്ശൂരിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ക്രൈം ബ്രാഞ്ച് ഈ കാര്യത്തില്‍ മതിയായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. പൊലീസുകാരുടെ കുറ്റകൃത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഇന്‍ക്രിമെന്റ് കട്ട് ചെയ്തിട്ടുണ്ടെന്നാണ് തൃശ്ശൂര്‍ ഡിഐജി വ്യക്തമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോഴതൊരു മതിയായ ശിക്ഷയല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

സുജിത്ത് നടത്തിയ നിയമപോരാട്ടത്തിലൂടെ രണ്ടുവര്‍ഷത്തിന് ശേഷം മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തിന് അനുസരിച്ചുള്ള ശിക്ഷ നല്‍കിയില്ലെന്ന അപാകത തിരിച്ചറിഞ്ഞ് ഈ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സസ്‌പെന്‍ഷന്‍ ഒരു ശിക്ഷയല്ല. സാധാരണഗതിയില്‍ കുറ്റാരോപിതന്‍ അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനുള്ള നടപടി ക്രമം മാത്രമാണത്. പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷയാണ് വേണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുകയും പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്. ഒരു കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ പൊലീസ് കേസെടുക്കണമെന്ന് ക്രിമിനല്‍ നടപടി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഈ കേസില്‍ പൊലീസ് അത് ചെയ്തില്ല. അതിനാല്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button