സുരേഷ് ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല.
നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ഗോപി വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.
തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണം. വി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.




