Kerala

‘പൂരം വെടിക്കെട്ട് വിവാദം തരികിട’; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ സുരേഷ് ഗോപി

തൃശൂർ പൂരം വെടിക്കെട്ട് വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ചതാണ്. രണ്ട് മണിക്കൂറാണ് ചർച്ച ചെയ്തത്. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുന:ക്രമീകരിക്കാൻ ശ്രമിച്ചപ്പോൾ കണ്ണൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായി.

വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാൻ താൻ കൂടെ നിന്നു. ചില രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി അവർ അതുമറച്ച് വെയ്ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയ സർക്കസിന് ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആശ വർക്കർമാർ വീട്ടിൽ വന്ന് ക്ഷണിച്ചതിന് പിന്നാലെയാണ് സമരപ്പന്തലിൽ പോയത്. സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പല തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു. അത്തരം വിമർശനങ്ങൾ രാഷ്ട്രീയ സർക്കസിൻ്റെ പേരിലാണ്. അത്തരം രാഷ്ട്രീയ സർക്കസുകൾക്ക് താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിൽ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനത്തോട് അഞ്ചു വർഷം കൂടുമ്പോൾ തൃശൂരിൽ നിന്ന് ജയിച്ചവർ എന്താണ് ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വിമർശനം ഉന്നയിക്കുന്നവർ മുമ്പ് ചെയ്തത് എന്തെല്ലാമെന്ന് കൂടി ഓർക്കണം.
തോറ്റപ്പോഴും തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. ജയിച്ചപ്പോൾ പിന്നെ എന്തൊക്കെ ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടല്ലോയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button