തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി; അനുകമ്പയില്ലാത്ത നടപടിയെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. അനുകമ്പയില്ലാത്ത നടപടിയെന്ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു. മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്‌നമായല്ല ഇത് കാണേണ്ടത്. മനുഷ്യത്വ നയത്തില്‍ നിന്ന് പിന്നോട്ടു നടക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
അതേസമയം, തെരുവുനായ ശല്യം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് – ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ ആറാഴ്ചക്കകം പിടികൂടി അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്ന പുതിയ സുപ്രീം കോടതി വിധി നഗര സ്വഭാവമുള്ള കേരളത്തിലും നടപ്പാക്കണം.
തെരുവുനായ ശല്യം ഭീകര പ്രശ്‌നമാണെന്നു പറയുന്ന സുപ്രീകോടതി, നായ്ക്കളെ പിടികൂടുന്നതിനെ തടസ്സപ്പെടുത്തുന്നവര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. പേവിഷബാധപരത്തുന്ന തെരുവുനായ് ശല്യത്തെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി വിധിയോടെ കൂടുതല്‍ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.