സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ യുപി കോടതി വാറണ്ട് കോടതി സ്റ്റേ ചെയ്ത് സുപ്രീംകോടതി. രാഹുൽ ഗാന്ധി പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിൽ പോയി എന്തിന് പ്രസ്താവന നടത്തിയെന്ന് കോടതി ചോദിച്ചു.
വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് പറഞ്ഞ കോടതി, ഇന്ദിര ഗാന്ധി സവർക്കറെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി. ചരിത്രം അറിയില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു. ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസൻ’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്നുവെന്നും നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമെന്ന് കോടതി പറഞ്ഞു. സ്വാതന്ത്ര്യം നേടി തന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.