സുമതി വളവ് വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ZEE5-ല്‍ സെപ്റ്റംബര്‍ 26 മുതല്‍

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയില്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രം ‘ സുമതി വളവ് ‘ സെപ്റ്റംബര്‍ 26 മുതല്‍ ZEE5 ഇല്‍ സ്ട്രമിങ് ആരംഭിക്കും.മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ല്‍ റിലീസ് ചെയ്യും.
തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ കാടിന് നടുവിലായി റോഡില്‍ ഒരു കൊടുംവളവുണ്ട്.പണ്ട് അന്നാട്ടുകാര്‍ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ,ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ അറിയുന്ന ആ വളവാണ് സുമതി വളവ് എന്ന് അറിയപ്പെടുന്നത്.ആ വളവ് പ്രധാനകഥാപാത്രമായെത്തുന്ന സിനിമയാണ് സുമതി വളവ്.
കുളത്തൂപ്പുഴ ഡിവിഷനിലെ കല്ലേലിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഫോറസ്റ്റ് ഓഫീസറിലൂടെയാണ് കഥ തുടങ്ങുന്നത്.ഈ വളവില്‍ സുമതി എന്ന സ്ത്രീയുടെ പ്രേതം വേട്ടയാടുന്നുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.എന്നാല്‍ അപ്പു എന്ന ചെറുപ്പക്കാരനായ ഗ്രാമീണന്റെ ജീവിതം ഈ പ്രേതബാധയുള്ള വളവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ചുരുളഴിയാന്‍ തുടങ്ങുമ്പോള്‍ കഥ കൂടുതല്‍ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഗോകുല്‍ സുരേഷ്,സിദ്ധാര്‍ഥ് ഭരതന്‍,ഗോപിക അനില്‍,ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, മാളവിക മനോജ്, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1953-ല്‍ നടന്ന സംഭവകഥയാണ് സുമതി വളവിന് ഭീതിയുടെ പരിവേഷമേകിയ ചരിത്രമായി നമ്മള്‍ വായിച്ചും കേട്ടുമെല്ലാം അറിഞ്ഞത്. ഗര്‍ഭിണിയായ യുവതി കൊല്ലപ്പെടുന്ന ആ ചരിത്രത്തിന് പകരം മറ്റൊരു സിനിമാറ്റിക് കഥയാണ് ചിത്രത്തിലെ സുമതി വളവിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നല്‍കിയിരിക്കുന്നത്.
ആഗോള തലത്തില്‍ മികച്ച ഓ ടി ടി പ്ലേറ്റ്‌ഫോമായ ZEE5-ല്‍ ചിത്രം റിലീസ് ആകുന്നതില്‍ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.ZEE5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഒരുപാട് സന്തോഷം ഉണ്ടെന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
”സുമതി വളവ്” – ഒരിക്കല്‍ കടന്നാല്‍ തിരിച്ചു പോരാനാവാത്ത വളവ്…ഡിജിറ്റല്‍ പ്രീമിയര്‍ സെപ്റ്റംബര്‍ 26 മുതല്‍ ZEE5-ല്‍ മാത്രം