സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

0

ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി കാസര്‍ഗോഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിഷയം അടിയന്തര സ്വഭാവത്തില്‍ അന്വേഷിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം.

കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ എന്ന പേരില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്‌കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാര്‍ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു.

സംഭവം ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷന്‍ അംഗം അഡ്വ. ബി മോഹന്‍ കുമാര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേക്ഷണം നടത്തി.
കുട്ടികളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന പ്രവര്‍ത്തിയാണിത്. കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് ആത്മാഭിമാനം ഉണ്ട്, എന്നിട്ടാണ് അധ്യാപകരുടെ കാല്‍ ചുവട്ടില്‍ ഇരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടണം. മത നിലപാട് വിദ്യാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതാത് വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്കെതിരെ കേസെടുക്കുമെന്നും കമ്മീഷന്‍ അംഗം അഡ്വ. ബി മോഹന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ലെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംഘപരിവാര്‍ വത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാ?ഗമാണ് വിദ്യാലയങ്ങളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ പൂര്‍ത്തീകരണത്തിന് ആര്‍എസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല ഇത്.

ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തില്‍ ബിജെപി നേതാവിനാണ് വിദ്യാര്‍ഥികള്‍ പാദപൂജ ചെയ്തത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അനൂപിനാണ് പാദ പൂജ നടത്തിയത്. മാനേജ്‌മെന്റ് പ്രതിനിധിയെന്ന പേരിലായിരുന്നു ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here