വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അധ്യാപകന്‍ അടിച്ച് പൊട്ടിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചെന്നും പിടിഎ പ്രസിഡന്റ് എം മാധവന്‍ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തും. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്. ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് ഡിഡിഇ ടിവി മധുസൂദനന്‍ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തി. ഇന്ന് അവധിയിലായ അധ്യാപകന്‍ എം അശോകന്റെ മൊഴി പിന്നീട് രേഖപ്പെടുത്തും
വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. കുട്ടിയെ അസംബ്ലിയില്‍ വെച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛര്‍ദിയും തലകറക്കവുമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ചരല്‍ക്കല്ല് കാല് കൊണ്ട് നീക്കിയതിന് കുട്ടിയെ ഹെഡ്മാസ്റ്റര്‍ ചെവിക്ക് അടിച്ചത്.