Kerala

തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ് ; വന്‍നാശനഷ്ടം

തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. മലപ്പുറത്ത് ഉച്ചയോടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. കൊണ്ടോട്ടിയില്‍ ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു. മൂന്ന് വാഹനങ്ങളാണ് തകര്‍ന്നത്. ഈ സമയത്ത് വാഹനങ്ങള്‍ക്ക് സമീപം ആരും ഉണ്ടാവാതിരുന്നത് വന്‍അത്യാഹിതം ഒഴിവാക്കി.

എയര്‍പോര്‍ട്ട് കാര്‍ഗോ കോംപ്ലക്‌സിന് സമീപമാണ് സംഭവം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സമീപത്തെ കടകളിലേക്ക് പോയ സമയത്താണ് മരം വീണത്. കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ കനത്തകാറ്റില്‍ വഴിയരികില്‍ നിന്ന മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. തയ്യില്‍ കുഞ്ഞിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. അടുക്കള പൂര്‍ണമായി തകര്‍ന്നു. ഈ സമയത്ത് അടുക്കളയില്‍ ആരും ഉണ്ടാവാതിരുന്നത് മൂലം വന്‍അത്യാഹിതം ഒഴിവായി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലത്ത് സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകിവീണു. ബസില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

തൃശൂര്‍ എരുമപ്പെട്ടി, കണ്ടന്നൂര്‍, കുന്നംകുളം മേഖലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. ഒട്ടേറെ മരങ്ങള്‍ കടപുഴകിവീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണും മറ്റും വന്‍ നാശനഷ്ടം ഉണ്ടായി. ഉച്ചയോടെയാണ് സംഭവം. വൈദ്യുതി ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളോളം വേണ്ടി വരും.

പാലക്കാട് മലയോര മേഖലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്. കൊല്ലങ്കോട്ട് കടയുടെ മേല്‍ക്കൂര റോഡിലേക്ക് ഇളകി വീണു. കൊല്ലങ്കോട്ട് ബസ് സ്‌റ്റേഷന് സമീപമാണ് അപകടം. മുതലമടയില്‍ സ്വകാര്യ ബസിന് മുകളിലേക്കും പച്ചക്കറി കടയിലേക്കും മരംവീണു.നെല്ലിയാമ്പതി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടുമണിക്കൂര്‍ നേരമാണ് ഗതാഗത തടസ്സം ഉണ്ടായത്. ആലത്തൂരില്‍ മൂന്ന് വീടുകളുടെ മുകളിലേക്ക് ആല്‍മരം കടപുഴകിവീണു. ആളപായമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button