ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം അട്ടിമറിയല്ല ; അബദ്ധത്തില്‍ സ്ഫോടക വസ്ത്തുക്കൾ പൊട്ടിത്തെറിച്ചത്

നൗഗാം പൊലീസ് സ്റ്റേഷനില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനം ‘യാദൃച്ഛികം’ ആണെന്നും സംഭവത്തിന് കാരണം അട്ടിമറിയല്ലെന്നും ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നതിനിടെയാണ് ഭൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി നളിന്‍ പ്രഭാത് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി, കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കൂടുതല്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനയ്ക്കായി അയയ്‌ക്കേണ്ടതുണ്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘം കഴിഞ്ഞ രണ്ട് ദിവസമായി സാമ്പിളുകള്‍ എടുത്ത് വരികയായിരുന്നു. സെന്‍സിറ്റീവ് വസ്തു എന്ന നിലയില്‍ അതീവ ജാഗ്രതയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ഇന്നലെ രാത്രി 11.20 ഓടേയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റേതെങ്കിലും ഊഹാപോഹങ്ങള്‍ അനാവശ്യമാണ്. പൊട്ടിത്തെറി അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നളിന്‍ പ്രഭാത് പറഞ്ഞു.
സംസ്ഥാന അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍, രണ്ട് ക്രൈം ഫോട്ടോഗ്രാഫര്‍മാര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മരിച്ചവരിൽ ഉള്‍പ്പെടുന്നുവെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ 27 പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, മൂന്ന് സാധാരണക്കാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടങ്ങളെ പോലും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണ്ടെത്തിവരികയാണ്. ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഭാത് കൂട്ടിച്ചേര്‍ത്തു

