Sports

ഗൗതം ഗംഭീര്‍ ഒരു വഴക്കാളിയാണെന്ന് ശ്രീശാന്ത്; ‘സീനിയേഴ്‌സിനെ ബഹുമാനിക്കില്ല. എപ്പോഴും പ്രശ്‌നമുണ്ടാക്കും’

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലെ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്. ശ്രീശാന്ത്. മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്‌സ് താരം ശ്രീശാന്ത് ഇന്ത്യ ക്യാപിറ്റല്‍സിന്റെ താരമായ ഗംഭീറിനെ തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തില്‍ ഗംഭീര്‍ തുടര്‍ച്ചയായി സിക്‌സും ഫോറും അടിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഇരു താരങ്ങളും ഗ്രൗണ്ടില്‍വച്ച് തര്‍ക്കിക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് ശ്രീശാന്ത് ഗംഭീറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

”മിസ്റ്റര്‍ ഫൈറ്ററുമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വ്യക്തത വരുത്തേണ്ടതുണ്ട്. എപ്പോഴും സഹതാരങ്ങളുമായി പോരടിച്ചുകൊണ്ടിരിക്കും. ഒരു കാരണവുമില്ലെങ്കിലും അങ്ങനെത്തന്നെയാണ്. വീരു ഭായ് (സേവാഗ്) ഉള്‍പ്പെടെ തന്റെ സീനിയര്‍ താരങ്ങളെ ബഹുമാനിക്കുക പോലുമില്ല. അതാണ് ഇന്നും സംഭവിച്ചത്.” ശ്രീശാന്ത് വിഡിയോയില്‍ ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ ഗംഭീര്‍ പറയരുത്താത്ത പല കാര്യങ്ങളും പറഞ്ഞെന്നും ശ്രീശാന്ത് ആരോപിച്ചു.

”മിസ്റ്റര്‍ ഗൗതി എന്താണു ചെയ്തതെന്ന് ഉടനെ നിങ്ങളെല്ലാം അറിയും. ഗ്രൗണ്ടില്‍വച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഉപയോഗിച്ച ഭാഷയും അസ്വീകാര്യമാണ്. സഹതാരങ്ങളെ ബഹുമാനിക്കുക പോലും ചെയ്യുന്നില്ലെങ്കില്‍ ജനത്തെ പ്രതിനിധീകരിക്കുന്നതില്‍ എന്തു കാര്യമാണുള്ളത്?. ബ്രോഡ്കാസ്റ്റിങ്ങിനിടെ വിരാട് കോലിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല. മറ്റെന്തോ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഗംഭീറിന്റെ വാക്കുകളില്‍ എനിക്കും എന്റെ പ്രിയപ്പെട്ടവര്‍ക്കും വളരെയേറെ വേദനയുണ്ടായി. ഞാന്‍ മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എപ്പോഴത്തേയും പോലെ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.” ശ്രീശാന്ത് വിഡിയോയില്‍ വ്യക്തമാക്കി.

ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തില്‍ 30 പന്തുകള്‍ നേരിട്ട ഗംഭീര്‍ 51 റണ്‍സാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 211 റണ്‍സെടുക്കാനേ ഗുജറാത്തിനു സാധിച്ചുള്ളൂ. ഇന്ത്യ ക്യാപിറ്റല്‍സിന്റെ വിജയം 12 റണ്‍സിന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button