ശ്രീനന്ദയുടേത് അപകടമരണമല്ല; ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ ചോദ്യം ചെയ്തില്ലെന്ന് പരാതി; ചിക്കമഗളൂരുവിൽ അന്വേഷണം തുടരുന്നു

ചിക്കമഗളൂരു/ ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകട മരണം അല്ലെന്ന് കുടുംബം. ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് കുടുംബം. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് എങ്ങനെ പോകുമെന്നും മരിച്ച ശ്രീനന്ദയുടെ ബന്ധുക്കൾ ചോദിക്കുന്നു. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ ശ്രീനന്ദയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു. ഡോഗ് സ്ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ട്. കടക്കാരനെ പൊലീസ് ചോദ്യം ചെയ്തില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.
–
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതാകുന്നത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി. നാലാം ദിവസത്തെ തെരച്ചിലിനൊടുവില്‍ 1500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ ശ്രമിക്കുകയാണ്. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിനൊ മൊഴി നൽകിയിട്ടുണ്ട്. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.



