News

റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജരേഖയുണ്ടാക്കി; കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗത്തിനെതിരെ അന്വേഷണം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് ശ്രീനാദേവി

പത്തനംതിട്ട : കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി. അടൂർ പൊലീസ് റേഷനിങ്ങ് ഇൻസ്പെക്ടറോടാണ് വിവരം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേരു ചേർത്തുവെന്നാണ് പരാതി.

എന്നാൽ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ ഇതേ അഡ്രസ്സിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നത്. അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയനാണ് മത്സരിക്കാനായി ഇതേ അഡ്രസ്സിൽ റേഷൻ കാർഡിൽ പേര് ചേർത്തതെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ കാലം മുതൽ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്. പരാതി നൽകിയവർ ബന്ധുക്കളാണ്. അവരുടെ സഹോദരി തന്റെ ഒപ്പമുണ്ട്. അവർ വസ്തുവിൽ അവകാശം എഴുതി തന്നു. പരാതിയുമായി പോയ സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളാണ്. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട ജില്ലാ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചക്. സിപിഐ നേതാവ് ടി മുരുകേഷ് ആണ് പരാതിക്കാരൻ. റേഷൻ കാർഡിൽ പേര് ഉണ്ടെന്ന് പറഞ്ഞായിരുന്നു ശ്രീനാദേവി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ സ്ഥിരം വിലാസം ഇല്ല. റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന പരാതിക്ക് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button