ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനം ; വിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് – ബിജെപി വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണ യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എൽഡിഎഫിന്റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടായിരിക്കുമെന്ന് ശിവൻകുട്ടി വിമർശിച്ചു. അത് ശരിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



