
ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി സംഭവത്തില്‍ വിശദീകരണവുമായി സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി. പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ ഇക്കാര്യം തന്നെ അറിയിച്ചത്. പിന്നീട് തന്റെ സഹോദരിയുടെ വീട്ടിൽ പീഠം ഏൽപ്പിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചതായും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു.
ദ്വാരപാലക പീഠം കാണാനില്ലെന്ന് പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ഇന്നാണ് പീഠം കണ്ടെടുത്തിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരിരുടെ വീട്ടിലേക്ക് മാറ്റിയത്. 2021 മുതൽ സ്വർണ്ണപീഠം കാണാതായിട്ടും എവിടെ എന്നതിൽ ദേവസ്വം ബോർഡ് പരിശോധിക്കാതിരുന്നത് വലിയ വീഴ്ചയാണ്.




