Kerala

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ചു; ശശി തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ലിതെന്നും നേതൃത്വം നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം. ശശി തരൂര്‍ പരിധി മറികടന്നെന്നും ഇന്ന് ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂര്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി ഇന്ദിരാഗാന്ധിയുടെ ധീരമായ നിലപാടുകള്‍ ആവര്‍ത്തിക്കുമ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.

ഓപ്പറേഷന്‍ സിന്ദൂറിനെ പരോക്ഷമായി ചോദ്യം ചെയ്ത്, ഇന്ദിരഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന ചര്‍ച്ച കോണ്‍ഗ്രസ് സജീവമാക്കിയ ഘട്ടത്തിലാണ് , ആ ചര്‍ച്ചക്ക് തരൂര്‍ ആദ്യ കത്തി വച്ചത്. 1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാന്റെ ആയുധ ശേഖരം, സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂര്‍ നേതൃത്വത്തെ തിരുത്തി. പഹല്‍ഗാമില്‍ കേന്ദ്രത്തിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തെ തള്ളി ഏത് രാജ്യത്തിനും രഹസ്യാന്വേഷണ വീഴ്തയുണ്ടാകാമെന്ന തരൂരിന്റെ പ്രസ്താവനയും നേതൃത്വത്തെ വെട്ടിലാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button