Kerala

സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഒമ്പത് പേരാണ് സംഘത്തിലുള്ളത്. എസ്പി ടി കെ വിഷ്ണുപ്രദീപാണ് സംഘത്തെ നിയോഗിച്ചത്.

ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ നടത്തുകയായിരുന്നു സാബു. ബാങ്കിന്റെ പടികൾക്ക് സമീപമാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ സാബു പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാൽ മാസം തോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാർത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയിരുന്നു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button