Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഫ്‌ലാറ്റില്‍ വീണ്ടും എസ്‌ഐടി പരിശോധന

പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി എസ്‌ഐടി സംഘം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഫ്‌ലാറ്റില്‍ വീണ്ടും എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തി. രാവിലെ ഫ്‌ലാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തില്‍ അഞ്ചംഗ സംഘം ഫ്‌ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്‌ലാറ്റിലുള്ളില്‍ കയറി പരിശോധന നടത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

രാഹുലിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്‌ഐടി സംഘം പാലക്കാട് എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസില്‍ പരാതിക്കാരിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തില്‍ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുവതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിക്കാരിയായ യുവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ ഒളിവില്‍ കഴിയാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിന് ഒളിച്ചു പാര്‍ക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നതെ കെപിസിസിയാണെന്നും അതില്‍ സംശയമില്ലെന്നും രാഹുലിനെ പുറത്താക്കാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചിരുന്നു. ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അതില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button