Kerala

ഷംസീറിന്റെ വിദേശയാത്ര കുടുംബസമേതം; ഭാര്യയും മകനും ഒപ്പം; ഘാനയ്ക്ക് പിന്നാലെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും

യാത്രാ ചെലവ് 13 ലക്ഷം കടക്കുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിദേശയാത്ര കുടുംബ സമേതം. ഘാന യാത്രയില്‍ ഷംസീറിനൊപ്പം ഭാര്യ ഡോ.പി.എം. സഫ്‌ല, മകന്‍ ഇസാന്‍ എന്നിവര്‍ അനുഗമിക്കും. ഘാനക്ക് പിന്നാലെ 3 രാജ്യങ്ങള്‍ കൂടി സ്പീക്കറും കുടുംബവും സന്ദര്‍ശിക്കും. ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട്, ജര്‍മ്മനി എന്നീ യുറോപ്യന്‍ രാജ്യങ്ങളാണ് ഷംസീറും കുടുംബവും സന്ദര്‍ശിക്കുക.

13 ലക്ഷം യാത്രക്ക് അനുവദിച്ചിട്ടുണ്ട്. യാത്ര ചെലവ് ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന സൂചന. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66 ആം കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെയും കുടുംബത്തിന്റേയും യാത്ര.

നിയമസഭ സെക്രട്ടറിയേറ്റ് ആഗസ്റ്റ് 16ന് യാത്ര ചെലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധന ബജറ്റ് വിംഗില്‍ നിന്ന് സെപ്റ്റംബര്‍ 23ന്, 13 ലക്ഷം അധിക ഫണ്ടായി അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

നിയമസഭ സെക്രട്ടറി ബഷീറും ഷംസീറിന്റെ യാത്രാസംഘത്തില്‍ ഉണ്ട്. ജഡ്ജിമാരുടെ കുറവ് മൂലം നിയമസഭ സെക്രട്ടറി ബഷീറിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. ജഡ്ജി കസേരയിലേക്ക് തിരികെയെത്തണമെന്ന് ബഷിറിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുയാണ്. അതുകൊണ്ട് തന്നെ നിയമസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബഷീറിന്റെ ഡപ്യൂട്ടേഷന്‍ കാലാവധി നീട്ടി കൊടുത്തില്ല.

ഡിസംബറില്‍ നിയമസഭ സെക്രട്ടറിയുടെ കാലാവധി അവസാനിക്കുന്ന ബഷീറിനെ യാത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. പൊതുജനങ്ങളുടെ നികുതി പണം ചെലവാക്കി വിദേശ രാജ്യങ്ങള്‍ കാണാന്‍ ബഷീറിനും അവസരം കിട്ടി.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കുടുംബ സമേതം യാത്ര ചെയ്യുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രീതി. ലോക കേരള സഭയുടെ മേഖല സമ്മേളനം നടന്ന ന്യൂയോര്‍ക്കില്‍ ഷംസിറും മുഖ്യമന്ത്രിയേയും കുടുംബത്തേയും അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മാതൃക ഷംസീറിന് ഇഷ്ടപ്പെട്ടതു കൊണ്ടാവാം വിദേശ യാത്രയില്‍ കുടുംബത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ (സിപിഎ) വാര്‍ഷിക സമ്മേളനമാണ് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനം (സിപിസി). ആഗോള പാര്‍ലമെന്ററി, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുചേരുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്റംഗങ്ങളുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്. ഓരോ വര്‍ഷവും വ്യത്യസ്തമായ കോമണ്‍വെല്‍ത്ത് പാര്‍ലമെന്റാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനം കാനഡയിലായിരുന്നു.

66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനത്തില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്റേറിയന്‍മാരുടെ യോഗത്തിലും നിയമസഭാ സ്പീക്കര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button