Loksabha Election 2024News

‘കോണ്‍ഗ്രസിന് പ്രചാരണത്തിനുപോലും പണമില്ല; സാമ്പത്തികമായി തകര്‍ക്കാൻ മോദിയുടെ നേതൃത്വത്തിൽ ശ്രമം’: അസാധാരണ വാർത്താസമ്മേളനം വിളിച്ച് സോണിയ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ് പാർട്ടിയെ ബിജെപിയും കേന്ദ്രസർക്കാരും സാമ്പത്തികമായി തകർക്കുന്നെന്ന് സോണിയ ഗാന്ധി. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലാത്ത അവസ്ഥയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടക്കുന്നത് ഇത് ജനാധിപത്യ വിരുദ്ധമാണെന്നും മുൻ അധ്യക്ഷ ആരോപിച്ചു.

‘പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം മരവിപ്പിക്കുകയും ഞങ്ങളുടെ അക്കൗണ്ടുകളില്‍നിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുന്നു. എന്തായിരുന്നാലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായി കൊണ്ടുപോകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി.

മറുവശത്ത്, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഫണ്ടുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇത് അഭൂതപൂര്‍വവും ജനാധിപത്യവിരുദ്ധവുമാണ്’, സോണിയ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കുമൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് സോണിയ ഗാന്ധിയുടെ രൂക്ഷ പ്രതികരണം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് പിഴ ചുമത്തുന്നത്, അതും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ചോദിച്ചു. 07% പൊരുത്തക്കേടിന് കോണ്‍ഗ്രസിന് 106% പിഴ ചുമത്തുന്ന തരത്തിലാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ ആരോപണം

‘ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ല, ഞങ്ങളുടെ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ കഴിയുന്നില്ല, ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഒരുമാസമാണ് നഷ്ടമായത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ ക്രിമിനല്‍ നടപടിയാണിതെന്നും രാഹുല്‍ ആരോപിച്ചു. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറി’, രാഹുല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button