KeralaNews

500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കിൽ സോളാർ നിർബന്ധം

തിരുവനന്തപുരം: മാസം 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്ററെങ്കിലും പുരപ്പുറമുള്ള വീടുകളിൽ സോളാർ പ്ലാന്റുകൾ നിർബന്ധമാക്കുന്നു. 2025ലെ കരട് വൈദ്യുത നയത്തിലാണ് ഇക്കാര്യം ശുപാർശചെയ്യുന്നത്. കുറഞ്ഞത് ഒരു കിലോവാട്ടെങ്കിലും ശേഷിയുളള പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. ഒരു മലയാള മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

100 ചതുരശ്ര മീറ്ററിനുമേൽ കെട്ടിടത്തിന് വിസ്തൃതിയുള്ള വാണിജ്യ ഉപഭോക്താക്കൾ കുറഞ്ഞത് മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റും 400 ചതുരശ്ര മീറ്ററിനുമുകളിൽ ഉള്ളവർ അഞ്ച് കിലോവാട്ട് ശേഷിയുള്ള പ്ലാന്റുമാണ് സ്ഥാപിക്കേണ്ടത്. ഇവ സ്ഥാപിക്കാൻ ഇൻസെന്റീവും നൽകും. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് കെട്ടിട നിർമാണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും ശുപാർശയിൽ പറയുന്നു എന്നാണ് റിപ്പോർട്ട്. സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനൊപ്പം നഗര മേഖലകളിലെ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് പോയിന്റുകളും നിർബന്ധമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം പുരപ്പുറത്ത് സോളാർ പ്ലാന്റ് ഇല്ലാത്തവർക്ക് സൗരോർജ പദ്ധതികളിൽ നിക്ഷേപം നടത്താനുള്ള അവസരവും ലഭിക്കും. റസിഡന്റ്സ് അസോസിയേഷനുകൾ പോലുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി ഒന്നിച്ച് പ്ലാന്റുകൾ സ്ഥാപിക്കും. ഇതിൽ നിന്ന് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില കണക്കാക്കിയശേഷം നിക്ഷേപത്തിന്റെ തോത് നോക്കി ഉപഭോക്താക്കളുടെ കറണ്ട് ബില്ലിൽ കുറവുവരുത്തും. ഇനി ഗാർഹികേതര ഉപഭോക്താക്കളാണെങ്കിൽ അവർക്ക് പുനരുപയോഗ ഊർജ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുത ഉപയോഗത്തിൽ കുറവുവരുത്താനും അവസരമുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button