ശോഭ സുരേന്ദ്രനെതിരെ ബിജെപി മുൻ നേതാവിന്റെ പരാതി; ‘കരണത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി’; ഫോൺ റെക്കോർഡ് പുറത്ത്; പാലക്കാട് വോട്ട് കോഴയിൽ ഉൾപ്പാർട്ടി പോര് മുറുകുന്നു

പാലക്കാട്: പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിച്ചത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ബിന്ദു പുറത്തു വിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ വാട്സാപ്പിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പണിക്കുറ്റം തീർത്ത് തരുമെന്ന് പറഞ്ഞതായും ബിന്ദു വിനയകുമാര്‍ പറഞ്ഞു. കരണക്കുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു. ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി. പാലക്കാട്ടെ കുറ്റം ആരുടെയെങ്കിലും തലയിൽ വെയ്ക്കാൻ ശ്രമമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ബിജെപിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് രാജീവ് ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാറ്റാൻ നിർദേശം നൽകി. ആലപ്പുഴയിൽ വന്ന് ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്നും ബിന്ദു വെളിപ്പെടുത്തി.
ശോഭക്ക് ധാര്‍ഷ്ട്യമാണെന്നും സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ബിന്ദു വിമര്‍ശിച്ചു. പാലക്കാട് പണം നൽകിയത് താൻ ആണെന്ന് ശോഭ തെളിയിക്കണമെന്നും വെല്ലുവിളിക്കുന്നുവെന്നും ബിന്ദു പറഞ്ഞു. ശോഭ പക്ഷത്തേക്ക് തന്നെയും ചേർക്കാൻ ശ്രമിച്ചു. ഇതിന് താൻ തയ്യാറായില്ല ഇതോടെ ശത്രുതയായി. പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാറ്റി നിർത്തിയെന്നും ശോഭയ്ക്ക് എതിരായ എഫ് ബി പോസ്റ്റ് നീക്കം ചെയ്തത് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണെന്നും ബിന്ദു വ്യക്തമാക്കി.




